തിരുവനന്തപുരം: കെ. കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്ന് കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ. കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ.വി. തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ.
കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കാൻ സോണിയയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയായ ശേഷവും പി.വി. നരസിംഹറാവുവിനെ കരുണാകരൻ പി.വി എന്ന് വിളിച്ചത് അതൃപ്തിക്ക് കാരണമായെന്നും കെ.വി. തോമസിന്റെ പുസ്തകത്തിൽ പറയുന്നു.
2001 നിയമസഭാ തിരഞ്ഞെടുപ്പിൽ മകൾ പത്മജ വേണുഗോപാലിനെ സ്ഥാനാർഥിയാക്കണമെന്ന് കരുണാകരൻ ആഗ്രഹിച്ചത് സോണിയ ഗാന്ധിയുമായുള്ള ബന്ധം വഷളാക്കി. സ്ഥാനാർഥി പട്ടികയിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് എഴുതിച്ചേർത്തതിൽ സോണിയ ദേഷ്യപ്പെട്ടു.
എന്തിനാണ് പത്മജക്കായി പുറംവാതിൽ നീക്കം നടത്തുന്നതെന്ന് സോണിയ ചോദിച്ചു. കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കിയത് സോണിയയ്ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. മന്ത്രിസഭയുടെ മുന്നോട്ടുപോക്കിന് വേണ്ടി വഴങ്ങുകയായിരുന്നു. ഹൈക്കമാൻഡിനെ എതിർത്ത് കോടോത്ത് ഗോവിന്ദൻ നായരെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത് കരുണാകരനും സോണിയയും തമ്മിലെ അകലം വർധിപ്പിച്ചു.
എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കെ മന്ത്രിസഭാ യോഗത്തിന് മുൻപ് കോൺഗ്രസ് മന്ത്രിമാർ ഫയലുമായി കരുണാകരന്റെ വീട്ടിൽ എത്തുന്നതിനെ താൻ എതിർത്തതായി കെ.വി. തോമസ് പറയുന്നു. രാജി സന്നദ്ധതയും അറിയിച്ചു. ഫ്രഞ്ച് ചാരക്കേസും ഹവാലാ വിവാദവും പുസ്തകത്തിൽ വിശദമായുണ്ട്.
എന്നാൽ കെ.വി. തോമസിന്റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ രംഗത്തെത്തി. കെ.വി. തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകുമെന്നും അവർ വ്യക്തമാക്കി.